“ഇത്തവണ മഴ നേരത്തെ എത്തും …വെള്ളമില്ലാത്തതു കൊണ്ട് വള്ളം കളി മാറ്റി വച്ചു !! “

ഇതൊരു പുതിയ വാർത്ത അല്ല മലയാളികളായ നമുക്ക്. എല്ലാ ജൂൺ മാസവും എത്ര കൊല്ലങ്ങളായി കാലാവസ്ഥ പ്രവചനത്തിൽ നമ്മളിതു കേൾക്കുന്നു ! എന്നിട്ടും ഇന്നും നമ്മൾ ചിരിച്ചു പോവും മണവാളൻ ചേട്ടൻ ഈ വാർത്ത ഡയലോഗ്‌ ആയി ‘പുലിവാൽ കല്യാണ’ത്തിൽ അവതരിപ്പിക്കുമ്പോ. ഒരു നല്ല മഴക്കാലത്തിൻറെ ഓർമയുടെ ബാക്കിപത്രമായ ചിരിയാണോ അതോ നിസ്സഹായതയുടെയോ  നെടുവീർപ്പിന്റെയോ എന്നറിയില്ല.  വന്നു വന്നു ഇപ്പോ വാർധക്യ പുരാണത്തിലെ ജഗതി ചേട്ടൻറെ ചിന്തയായി നമ്മളിൽ പലർക്കും, ഓമനക്കുട്ടൻ പിള്ള പറയുന്ന പോലെ ‘പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്!’

മഴക്കാലം, നമ്മുടെ മുത്തശ്ശന്മാരുടേം മുത്തശ്ശിമാരുടേം ഒക്കെ കാലത്ത് എന്ന് പറയേണ്ടി വരും അപ്പൊൾ ഒക്കെ എല്ലാ കൊല്ലവും മുറ തെറ്റാതെ വന്നു പെയ്തു പോയതാണ്. ഞാറ്റുവേലകൾ ഒന്ന് കഴിഞ്ഞു വേറൊന്നായി രൂപാന്തരപ്പെട്ടു വേനലിന്റെ വരൾച്ച കൊണ്ട് വറ്റി വരണ്ടു കിടന്ന പുഴകളെയും മനുഷ്യരെയും ഒരു പോലെ തണുപ്പിച്ചു കുളിർമയേകിയ ഒരു അനുഭവം. തിരുവാതിര തിരു മുറിയാതെയും , മകീരം മതി മറന്നും, പുണർതം പുഴ പോലെയും, പൂയം പുക പോലെയും ഒക്കെ പെയ്ത ഒരു കാലം! ഇന്നു  ഈ പേരുകൾ പോലും അന്യം നില്കുകയാണ്. 

കുട്ടിക്കാലത്തെ മഴ ഓർക്കുമ്പോ മനസ്സിലേക്കു ഓടി വരിക  നനഞ്ഞൊട്ടിയ മുടിയും നനഞ്ഞ ഷൂസും സോക്‌സും പിന്നെ എത്ര നേരെ പിടിച്ചാലും ഒടിഞ്ഞു പോകുന്ന കുടയും. സ്കൂളിലേക്കു ഉള്ള യാത്രയും ഇതിന്റെ ഒക്കെ ഇടയിൽ പുസ്തകങ്ങൾ നനയാതെ സൂക്ഷിക്കാൻ പെടുന്ന ഒരു  പാട് അത് വേറെയും! രാവിലെത്തെ നനവ് ഒന്ന് മാറി വരുമ്പോഴേക്കും വൈകുന്നേരം സ്കൂൾ വിടാനുള്ള നേരവുമാവും! അത്രേം നേരം പെയ്യാതെ നിന്ന മഴ കൃത്യം 3.30-4  ആവുമ്പൊ വീണ്ടും പെയ്യാൻ തുടങ്ങും. കുട്ട്യോളെ നനയ്ക്കാൻ മഴക്കെന്തോ വല്യ ഇഷ്ടാണ്! ഇതൊക്കെ പറഞ്ഞാലും പാടവരമ്പത്തൂടെ ഉള്ള വരവും പോക്കും, നോക്കുന്നിടത്തൊക്കെ പച്ചപ്പും, വരി വരിയായി പോയിരുന്ന താറാവു കൂട്ടവും ഒക്കെ നല്ല രസായിരുന്നു…

കോളേജ് കാലം ആയപ്പോ പിന്നെ മഴയോട് പ്രേമമായി, പ്രണയമായി, ഒരു ദിവസം ശരിക്കു കണ്ടില്ലേൽ പിണക്കവുമായി. ശ്ശൊ ഒന്നും പറയണ്ട! ഇറയത്തു നിന്ന് വീഴുന്ന മഴയെ കൈകൊണ്ട് താലോലിച്ചും, വീട്ടിലേക്കുള്ള വഴിയിൽ, കുടയുണ്ടെങ്കിലും, പെയ്ത മഴ മുഴുവൻ നനഞ്ഞും, ചിണുങ്ങിയും മിനുങ്ങിയും പെയ്ത മഴയോട് വിശേഷങ്ങൾ പറഞ്ഞും, മനസ്സിലാരെയോ ഓർത്തു ഒരു കള്ള ചിരി ചിരിച്ചും നടന്ന ഒരു മഴക്കാലം അത് അങ്ങനെയും. പാഠപുസ്തകത്തിൽ പണ്ട് പഠിച്ച സുഗതകുമാരി ടീച്ചർ ടെ ‘രാത്രി മഴ’ എന്ന കവിത ഓർമയില്ലാച്ചാലും സുജാത ചേച്ചി പാടിയ ‘പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ’ കാണാപാഠം അറിയും. ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി’ എന്ന് തോന്നിയ മഴയും, കാതിൽ തേന്മഴയായി പാടിയ മഴയും, മഴത്തുള്ളികൾ പൊഴിഞ്ഞ നാടൻ വഴിയും, പവിഴ മഴയും, ഹിമ മഴയും ഒക്കെ ഈക്കൂട്ടത്തിൽ പെടും. 

കാലം പോകുന്തോറും മഴ നമ്മളിൽ ജീവിതത്തിലെ പല കാര്യങ്ങളുടെയും വികാരങ്ങളുടെയും ഓർമചെപ്പായി മാറും. “മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ” എന്ന് പാടിയ പോലെ. പ്രവാസജീവിതത്തിൽ ഒരു മഴക്കായി മാത്രം കാത്തിരുന്ന ദിവസങ്ങളും ബ്രിട്ടനിലെ മൂക മഴയ്ക്ക് പകരം നല്ല ഇടിയും മിന്നലും ഉള്ള തുലാവർഷവും ആഗ്രഹിച്ചു പോയ ദിവസങ്ങളും നമ്മളിൽ ചിലർക്കെങ്കിലും ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാവും..

മഴയെ എന്നും സ്നേഹിച്ച മലയാളിക്ക് ഇന്ന് പക്ഷെ മഴ എന്നാൽ ഭീതിയാണ്, പ്രളയം കഴിഞ്ഞ രണ്ടു വർഷവും ഏല്പിച്ച നഷ്ടങ്ങളും മുറിവുകളും കുറെ ഏറെയാണ്. കവളപ്പാറ തോരാത്ത കണ്ണീരായി ചാനലുകളിൽ ഇന്നും നിറയുന്നു..ആപ്പുകൾ നോക്കി മഴയുടെ ഗതിയും ആഗമന സമയവും നമ്മുടെ വിരൽ തുമ്പിൽ കിട്ടുന്ന ഈ കാലഘട്ടത്തിൽ വീണ്ടും ഒരു മഴക്കാലത്തേക്കായി നമ്മൾ ഒരുങ്ങുകയാണ്. covid ന്റെ ഭീതി നിലനിൽക്കെ ഒരു പ്രളയത്തെ കൂടി താങ്ങാൻ നമുക്കാവില്ല. വിദഗ്ദ്ധർ പറയുന്ന മുന്നൊരുക്കങ്ങളോടെ നമുക്ക് മഴയെ വരവേൽക്കാം. മഴക്കെടുതി തടുക്കാൻ നമ്മളാൽ എന്ത് ചെയാനാവുമോ അതൊക്കെ ചെയ്യാം, തുടർച്ചയായ പ്രളയങ്ങൾ പഠിപ്പിച്ച പോലെ മഴയ്ക്ക് അതിരുകളില്ല, എല്ലാവര്ക്കും ഒരു പോലെയാണ് അത് ബാധിക്കുക. 

നമ്മൾ അനുഭവിച്ച നല്ല ഒരു മഴക്കാലം നമ്മുടെ ഭാവി തലമുറയും അറിയട്ടെ, വളരട്ടെ. അത് വരെയും മഴ പത്മ രാജൻറെ തൂവാനത്തുമ്പികളിലെ ജോൺസൺ  മാഷിന്റെ പശ്ചാത്തല സംഗീതം പോലെ അങ്ങനെ മധുരിക്കട്ടെ. അപ്പൊ പിന്നെ പ്രാഞ്ചിയേട്ടൻ പറഞ്ഞ പോലെ “ഒരു all the best പറഞ്ഞെ പുണ്യാളാ!” 

https://britishkairali.co.uk/?p=8756

https://www.instagram.com/evawonderdesigns/

Leave your thought...

This site uses Akismet to reduce spam. Learn how your comment data is processed.